മയിലുകള്‍ നൃത്തംവയ്ക്കുന്ന സ്ഥലം

പേരില്‍ തന്നെ ഒളിഞ്ഞിരിക്കുന്നു അര്‍ഥം,മയിലുകള്‍ നൃത്തംവയ്ക്കുന്ന സ്ഥലം.പാര്‍വ്വതി ഒരു ശാപമേറ്റ് മയിലിന്റെ രൂപത്തിലാവുകയും പരമശിവനെ ആരാധിയ്ക്കുകയും ചെയ്ത സ്ഥലമാണത്രേ മയിലാടുതുറ. മുമ്പ് സംസ്‌കൃതം വാക്കായ മയൂരമെന്നായിരുന്നുവത്രേ സ്ഥലത്തിന്റെ പേര്. പിന്നീടാണ് മായാവാരം എന്നും മയിലാടുതുറൈയെന്ന തമിഴ് പേരില്‍ ഈ സ്ഥലം അറിയപ്പെടാന്‍ തുടങ്ങിയത്.ഇവിടുത്തെ മയൂരനാഥസ്വാമി ക്ഷേത്രത്തിന് സ്ഥലനാമവുമായി ഏറെ ബന്ധമുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന ദേവന്‍ പരമശിവനാണ്. മയൂരനാഥര്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിയ്ക്കുന്നത്. ഈ രൂപത്തിലാണത്രേ പാര്‍വ്വതി ശിവനെ ഇവിടെ ആരാധിച്ചിരുന്നത്.

കേന്ദ്രം

കാവേരി നദിക്കരയിലുള്ള ഈ സ്ഥലം തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഒട്ടേറെ ഹൈന്ദവക്ഷേത്രങ്ങളുണ്ട് ഇവിടെ. ശ്രീ വാധനയേശ്വര്‍ ക്ഷേത്രം, പുനുഗീശ്വരര്‍ ക്ഷേത്രം, ഗംഗൈ കൊണ്ട ചോളപുരം, ശ്രീ പരിമള രംഗനാഥസ്വാമി ക്ഷേത്രം, ശ്രീ കാശി വിശ്വനാഥസ്വാമി ക്ഷേത്രം, കുറുകൈ ശിവന്‍ ക്ഷേത്രം, ദക്ഷിണാമൂര്‍ത്തി ക്ഷേത്രം തുടങ്ങിയവയെല്ലാം ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ചിലതുമാത്രമാണ്. സൂര്യനാര്‍ കോവില്‍, തിങ്കളൂര്‍, വൈദീശ്വരന്‍ കോവില്‍, തിരുവെങ്കാട്, ആലങ്കുഡി, കാഞ്ചനൂര്‍, തിരുനല്ലാറു, തിരുനാഗേശ്വരം, കീഴപെരുമ്പല്ലം എന്നീ നവഗ്രഹക്ഷേത്രങ്ങള്‍ മയിലാടുതുറയുടെ സമീപങ്ങളായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇക്കൂട്ടത്തില്‍ 20കിലോമീറ്റര്‍ അകലെകിടക്കുന്ന സൂരന്യനാര്‍ കോവിലാണ് ഏറ്റവും പ്രധാനപ്പെട്ടത്. തിങ്കളൂരേയ്ക്ക് 40 കിലോമീറ്റര്‍ ദൂരവും വൈദീശ്വരന്‍ കോവിലിലേയ്ക്ക് 12 കിലോമീറ്റര്‍ ദൂരവുമാണ് മയിലാടുതുറയില്‍ നിന്നും പോകാനുള്ളത്. ഇവിടെയാണ് രാമായണത്തില്‍ പറയുന്ന ജടായുവിനെ സംസ്‌കാരിച്ച സ്ഥലമെന്നാണ് കരുതപ്പെടുന്നത് ജടായു കണ്ഡം എന്നാണ് ഈ സ്ഥലത്തെ വിളിയ്ക്കുന്നത്. ഇവിടുത്തെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിയ്ക്കുന്നത് രോഗങ്ങളില്‍ നിന്നും രക്ഷതരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നാഡി ജ്യോതിഷമെന്ന ജ്യോതിഷരീതിയില്‍ ഭാവി പ്രവചിയ്ക്കുന്ന ജ്യോത്സ്യന്മാരുടെ പേരിലും ഈ സ്ഥലം പ്രസിദ്ധമാണ്. മയിലാടുതുറയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് തിരുവെങ്കാട് ക്ഷേത്രം. ഒട്ടേറെ സ്‌നാനഘട്ടങ്ങളുണ്ട് ഇവിടെ. പരീക്ഷാവിജയത്തിനും മറ്റുമായി പ്രാര്‍ത്ഥിയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്താറുണ്ട്. മയിലാടുതുറയില്‍ നിന്നും 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആലങ്കുഡിയിലെത്താം. ഗുരുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇത്തരത്തില്‍ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കാഞ്ചനൂരിലെ സൂര്യനാര്‍ കോവില്‍ മയിലാടുതുറയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ്. ശുക്രനെ ഇവിടെ ആരാധിച്ചുവരുന്നുണ്ട്. തിരുനെല്ലാറു ക്ഷേത്രത്തിലേയ്ക്ക് മയിലാടുതുറയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട്. ശനിദേവ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശനി ദശയുള്ളവര്‍ അതുമായി ബ്ന്ധപ്പെട്ട പ്രശ്‌നങ്ങളകറ്റാനായി ഇവിടുത്തെ നള തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുക പതിവുണ്ട്. ശിവപ്രതിഷ്ഠയുള്ള തിരുനാഗേശ്വരം ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന പ്രതിഷ്ഠ. ഇവിടുത്ത പാലഭിഷേകം ഏറെ പ്രശസ്തമാണ്. രാഹുകാലത്തിലാണ് ഇവിടെ പ്രതിഷ്ഠയില്‍ പാലഭിഷേകം നടത്തുന്നത്. പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യുമ്പോള്‍ പാലിന്റെ നിറം നീലയായി മാറുകയും പിന്നീട് നിലത്തേയ്‌ക്കെത്തുമ്പോള്‍ പാല്‍ വീണ്ടും വെളുത്തനിറത്തിലായി മാറുകയും ചെയ്യുന്നത് ഈ ക്ഷേത്രത്തിലെ വലിയ സവിശേഷതയാണ്. കീഴ്‌പെരുമ്പല്ലം ക്ഷേത്രം തിരുവെങ്കാടിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. കേതുവാണ് ഇവിടുത്തെ ഗ്രഹം. വനങ്കാരിയെന്ന പേരിലും ഇവിടെ കേതു അറിയപ്പെടുന്നു. അസുരന്റെ ശരീരവും സര്‍പ്പത്തിന്റെ തലയുമാണ് കേതുവിന്റെ രൂപം. കേതു തന്റെ പാപങ്ങളകറ്റാനായി ശിവനെ തപസുചെയ്തത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനെ ആരാധിയ്ക്കുന്ന രീതിയില്‍ കൈകൂപ്പിയ നിലയിലാണ് ഇവിടുത്തെ പ്രതിഷ്ഠ. നവഗ്രഹക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനം ഹൈന്ദവര്‍ക്കിടയില്‍ വിശേഷപ്പെട്ടതായിട്ടാണ് കരുതിപ്പോരുന്നത്. ജാതകപ്രകാരം ഓരോ തരത്തിലുള്ള ഗ്രഹങ്ങളുടെ സാന്നിധ്യത്തിനനുസരിച്ച് ഇവിടെ പൂജകളും മറ്റും ചെയ്യുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഐശ്വര്യം വരാനും നല്ലതാണെന്നാണ് വിശ്വസിച്ചുപോരുന്നത്

ഇപ്പോഴും മയിലാടുതുറൈ ചരിത്രകാരന്മാരുടെ ഇഷ്ടസ്ഥലമാണ്. പലകാര്യങ്ങളിലും പ്രത്യേകതയുള്ള സ്ഥലമായതുകൊണ്ടുതന്നെ മലയിലാടുതുറൈയ്ക്ക് പകരമായി മറ്റൊന്നില്ലെന്നാണ് പറയാറുള്ളത്. ഈ അര്‍ത്ഥം വരുന്ന ആയിരം ആനാലും മയൂരം ആകാത് എന്നൊരു ചൊല്ലുതന്നെയുണ്ട്.

റെയില്‍ റോഡുമാര്‍ഗ്ഗമെല്ലാം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് മയിലാടുതുറൈ, ശീതകാലമാണ് ഇവിടം സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

LEAVE A REPLY

Please enter your comment!
Please enter your name here